നാലിടത്ത് ബിജെപി, ചൂലെടുത്ത് പഞ്ചാബ്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തുടക്കം മുതല്‍ തന്നെ നടത്തിയ മുന്നേറ്റം ബി.ജെ.പി ഇപ്പോഴും തുടരുകയാണ്. പഞ്ചാബില്‍ ചരിത്രം കുറിച്ച് ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. ലീഡ് മാറിമറിഞ്ഞ ഗോവയില്‍ ബിജെപി അധികാരത്തിലേക്കെന്നാണ് സൂചന.

ഉത്തര്‍പ്രദേശില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് ബിജെപി തുടര്‍ഭരണം ഉറപ്പിച്ചിരിക്കുകയാണ്. നിലവില്‍ 276 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. നില മെച്ചപ്പെടുത്തിയ സമാജ്വാദി പാര്‍ട്ടി 120 സീറ്റുകളില്‍ മുന്നിലാണ്. ഗോരഖ്പുര്‍ അര്‍ബനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കര്‍ഹേലില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മുന്നിലാണ്. 7 ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പു നടന്നത്.

പഞ്ചാബില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എഎപി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 117 സീറ്റുകളിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 91 സീറ്റിലും എഎപി മുന്നേറുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 17 സീറ്റിലും ശിരോമണി അകാലിദള്‍ ആറു സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി രണ്ടു സീറ്റില്‍ മാത്രമാണ് മുന്നില്‍. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്.

മണിപ്പുരിലും ഗോവയിലും ബിജെപി വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. മണിപ്പുരില്‍ ലീഡ് നിലയില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയായി. 29 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. 15 വര്‍ഷം തുടര്‍ച്ചയായി മണിപ്പുര്‍ ഭരിക്കുകയും മണിപ്പുരിലെ പ്രതിപക്ഷവുമായ കോണ്‍ഗ്രസ് അപ്പാടെ തകരുന്ന കാഴ്ചയാണ് കാണാനാകുന്നത്. 2017ല്‍ 28 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്. നിലവില്‍ എന്‍പിപിക്കു പിന്നിലായി മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്. 9 സീറ്റിലാണ് മുന്നേറ്റം.

ഗോവയില്‍ 40 അംഗ നിയമസഭയില്‍ 19 ഇടത്താണ് ബിജെപി മുന്നേറ്റം. കോണ്‍ഗ്രസ് പോരാട്ടം 12 ഇടത്തായി ഒതുങ്ങി. ഗോവയില്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ ഒതുങ്ങിയ ബിജെപി ഇത്തവണ 19 ഇടത്ത് മുന്നിലായതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമായി.

എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാള്‍ മികച്ച മുന്നേറ്റമാണ് ഉത്തരാഖണ്ഡില്‍ ബിജെപിക്കുണ്ടായത്. 47 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുകയാണ്. 19 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. 2017ല്‍ 57 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്.