പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നു; അര്‍ദ്ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ചയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

പുതുവർഷം എത്തിയതോടെ രാജ്യത്ത് പൊതു തിരഞ്ഞടുപ്പ് ചർച്ചകളാണ് സജീവമാകുന്നത്. അതുമായി ബന്ധപ്പെട്ട തരിക്കിട്ട നടപടികളിലേക്ക് കടക്കുകയാണ് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ. പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

അര്‍ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ച നടത്തിയേക്കും. തുടർന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തും.കഴിഞ്ഞതവണ ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യം. എന്നാല്‍ കൂടുതല്‍ ഘട്ടങ്ങളിലായി നടത്തണമെന്ന അഭിപ്രായം അര്‍ധസൈനിക വിഭാഗങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതുള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച തന്നെ യോഗം പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം ഫെബ്രുവരിയോടുകൂടി പൂര്‍ത്തിയാകും. ഇതിന് ശേഷം തീയതികള്‍ പ്രഖ്യാപിക്കും. ഏപ്രില്‍ മാസത്തില്‍ വേട്ടെടുപ്പ് തുടങ്ങി മെയ് മാസത്തില്‍ പൂര്‍ത്തിയാകുന്നവിധത്തില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി.