പെഗാസസ്: ഭേദഗതികൾ കൂട്ടത്തോടെ ഒഴിവാക്കി; വിശദീകരണം ആവശ്യപ്പെട്ട് എളമരം കരീം

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്‍മേല്‍ ഭേദഗതികള്‍ അനുവദിക്കാത്തതിനെതിരെ സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം.പെഗാസസ് വിഷയത്തിലാണ് കരീമും മറ്റ് എംപിമാരും നിർദേശിച്ച ഭേദഗതികൾ പ്രധനമായും ഒഴിവാക്കിയത്. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യനായിഡുവിന് സി.പി.ഐ.എം കത്ത് നല്‍കി.

അംഗങ്ങള്‍ നല്‍കിയ ഭേദഗതികള്‍ രാജ്യസഭാ സെക്രട്ടറിയേറ്റ് അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് എളമരം കരീം കത്തില്‍ പറയുന്നു.എളമരം കരീമിന് പുറമേ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍, കോണ്‍ഗ്രസിന്റെ ശക്തി സിംഗ് ഗോയല്‍ എന്നിവര്‍ നിര്‍ദേശിച്ച ഭേദഗതികളിലും പെഗാസസ് വിഷയം ഉണ്ടായിരുന്നു.

‘നന്ദിപ്രമേയത്തില്‍ അംഗങ്ങള്‍ പറയുന്ന പത്ത് ഭേദഗതികള്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം നേരത്തെ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്ന പത്ത് ഭേദഗതികള്‍ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ രാജ്യസഭാ അംഗങ്ങളുടെ പോര്‍ട്ടലിലെ ലിസ്റ്റില്‍ ഞാന്‍ നല്‍കിയതിലെ എട്ട് ഭേദഗതികള്‍ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ,’ എളമരം കരീം പറഞ്ഞു.

‘ഒഴിവാക്കിയ ഭേദഗതികള്‍ പെഗാസസ്, കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലും ഫലപ്രദമായ വാക്‌സിന്‍ നയം രൂപീകരിക്കുന്നതിലും കേന്ദ്രത്തിന് പറ്റിയ വീഴ്ച എന്നിവ സംബന്ധിച്ചുള്ളതായിരുന്നു. സമാനമായി മറ്റ് അംഗങ്ങള്‍ ഈ വിഷയങ്ങളിന്‍മേല്‍ നല്‍കിയ ഭേദഗതികളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെ തുറന്നുകാട്ടുന്ന ഇത്തരം വിഷയങ്ങള്‍ മനപ്പൂര്‍വം രാജ്യസഭ ഒഴിവാക്കുകയാണെന്ന പ്രതീതി ഉണ്ടാവും. അത് ജനാധിപത്യവിരുദ്ധവും ധാര്‍മികത ഇല്ലാത്തതുമാണ്,’ എളമരം കരീം പറഞ്ഞു.

എന്തിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയേറ്റ് രാജ്യസഭാ അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ ഒഴിവാക്കുന്നതെന്നും എളമരം കരീം ചോദിച്ചു.‘ചെയര്‍മാന്റെ വിവേചന അധികാരമാണ് ഭേദഗതികള്‍ അനുവദിക്കണമോ അനുവദിക്കാതിരിക്കണമോ എന്നത്. എങ്കില്‍ പോലും അതിന് വ്യക്തമായ ഒരു അടിസ്ഥാനമുണ്ടാകണം. സമാനമായ ഭേദഗതി ലോക്‌സഭയില്‍ വന്നിരുന്നു എന്നതും ശ്രദ്ധിക്കണം. രാജ്യസഭയില്‍ മാത്രമാണ് ഒരു പ്രത്യേക വിഷയം ഒഴിവാക്കിയത്.