ഏക്നാഥ് ഷിന്‍ഡെ ചതിയന്‍, സിബിഐയേയും ഇ.ഡിയേയും ഭയന്ന് ഒളിച്ചോടി; വിമതര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സാമ്‌ന

ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന വിമതരെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. ഏക്‌നാഥ് ഷിന്‍ഡെയ്ക്കും വിമത എംഎല്‍എമാര്‍ക്കുമെതിരെയാണ് വിമര്‍ശനം.
വിമതര്‍ ശിവ സേനയോട് സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ശിവസേനയുടെ സീറ്റില്‍ നിന്ന് ജയിച്ചവര്‍ ഇപ്പോള്‍ ബിജെപിയുടെ കൂടെയാണ്. ബിജെപി രാഷ്ട്രീയ മാന്യത കാണിക്കണം. വിമത എം.എല്‍.എമാരുടെ നേതാവ് ഏക്നാഥ് ഷിന്‍ഡെ ചതിയനാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. സിബിഐയെയും ഇ.ഡിയേയും ഭയന്നാണ് ഷിന്‍ഡെ ഒളിച്ചോടിയതെന്നും സാമ്ന ആരോപിക്കുന്നു.

അതേസമയം, കോണ്‍ഗ്രസുമായും എന്‍സിപിയുമായുമുള്ള സഖ്യം ശിവസേന അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിന്‍ഡെ. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.

അതേസമയം ഭരണ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് മന്ത്രിസഭാ പുനസംഘടനക്ക് തയ്യാറാണെന്ന കാര്യം മഹാവികാസ് അഘാഡി സഖ്യം വിമതരെ അറിയിക്കും. എന്നാല്‍ ബിജെപിക്ക് ശിവസേന പിന്തുണ നല്‍കണമെന്ന ആവശ്യത്തില്‍ വിമതര്‍ മാറ്റം വരുത്തിയിട്ടില്ല.

താന്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിട്ടും വിമത എംഎല്‍ എമാര്‍ ചര്‍ച്ചക്കെത്തിയിട്ടില്ല. അടിയന്തിരഘട്ടത്തില്‍ ഷിന്‍ഡയെ മുഖ്യമന്ത്രി ആക്കാമെന്ന വാഗ്ദാനം മഹാവികാസ് അഘാഡി സഖ്യം മുന്നോട്ട് വെക്കും. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനുള്ള സംഖ്യയിലേക്ക് എത്തിയതിനാല്‍ ഇനി വിമതരുടെ നീക്കം നിര്‍ണായകമാണ്.