റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് പോലും സ്റ്റാലിന്‍ അനുമതി നല്‍കിയില്ല; അര്‍ഹമായ സീറ്റുകളും നല്‍കിയില്ല; സിപിഎമ്മിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി

സിപിഎമ്മിനെ എന്‍ഡിഎയിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുമെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി. നിലവില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായുള്ള സിപിഎമ്മിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് സംസാരിക്കുകയായിരുന്നു എടപ്പാടി പളനിസ്വാമി.

കഴിഞ്ഞ ജനുവരിയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് പോലും സ്റ്റാലിന്‍ അനുമതി നല്‍കിയില്ലെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു. അര്‍ഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരണോ എന്ന് സിപിഎം ചിന്തിക്കണമെന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന് അര്‍ഹമായ സീറ്റുകളും എംകെ സ്റ്റാലിന്‍ നല്‍കിയില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് അര്‍ഹമായ സീറ്റുകള്‍ ഡിഎംകെ നല്‍കില്ലെന്നും പളനിസ്വാമി ആരോപിച്ചു. തങ്ങള്‍ സിപിഎമ്മിനെ എന്‍ഡിഎ സഖ്യത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുമെന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

Read more

എന്നാല്‍ എടപ്പാടി പളനിസ്വാമിയുടെ ക്ഷണം തള്ളി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. രാവിലെയും വൈകിട്ടും രണ്ട് നിലപാടുള്ള വ്യക്തിയാണ് പളനിസ്വാമി. ചുവപ്പ് പരവതാനിയല്ല, ചതി ഒളിപ്പിച്ച കെണിയാണ് ഈ ക്ഷണം. ആര്‍എസ്എസിന്റെ കെണിയില്‍ വീണ് രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് പളനിസ്വാമിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു.