മുന്‍ എംഎല്‍എമാരുടെ വീടുകളില്‍ ഇഡി റെയ്ഡ്; കണ്ടെത്തിയത് 5 കോടി രൂപ, 300ഓളം തോക്കുകള്‍, 100 മദ്യ കുപ്പികള്‍

ഹരിയാനയിലും പഞ്ചാബിലെയും രണ്ട് മുന്‍ എംഎല്‍എമാരുടെ വീടുകളില്‍ ഇഡി നടത്തിയ റെയ്ഡില്‍ തോക്കുകളും മദ്യവും പണവും പിടിച്ചെടുത്തു. ഇഡി നടത്തിയ പരിശോധനയില്‍ 5 കോടി രൂപയും 100 കുപ്പി മദ്യവും 300ഓളം തോക്കുകളും കണ്ടെടുത്തു. ഇവയ്ക്ക് പുറമേ അഞ്ച് കിലോയോളം തൂക്കം വരുന്ന 3 സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്തു.

ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എംഎല്‍എ ദില്‍ബാദ് സിംഗ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറും കൂട്ടാളികളും ചേര്‍ന്ന് അനധികൃത ഖനനം നടത്തിയെന്ന കേസില്‍ റെയ്ഡ് നടത്തുകയായിരുന്നു ഇഡി. യമുനാ നഗറില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് ദില്‍ബാദ് സിംഗ്. സുരേന്ദര്‍ പന്‍വാര്‍ സോനിപട്ടിലെ കോണ്‍ഗ്രസ് നിയമസഭാംഗമായിരുന്നു.

ദേശീയ ഹരിത ട്രൈബ്യൂണല്‍ ഖനനം നിരോധിച്ചതിന് ശേഷം യമുനാ നഗറിലും പരിസര ജില്ലകളിലും ഖനനം നടത്തിയെന്ന് ആരോപിച്ച് ഹരിയാന പൊലീസ് ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് 20 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.