സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ച നടപടിക്കെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. എഐസിസി ഓഫീസിന് മുന്നിൽ നിന്ന് ഇ ഡി ഓഫീസിലേക്കുള്ള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞു. ഷമ മുഹമ്മദ് ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.
കോൺഗ്രസിന്റെ രാജ്യവ്യാപക ഇ ഡി ഓഫീസ് ഉപരോധിത്തിൻ്റെ ഭാഗമായാണ് എ ഐ സി സി ഓഫീസിന് മുന്നിൽ നിന്ന് ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷമ മുഹമ്മദ് ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചു വാഹനത്തിൽ കയറ്റി. യൂത്ത് കോൺഗ്രസ്, എൻഎസ് യു ഐ നേതാക്കളെയും കസ്റ്റഡിയിലെടുത്തു.
ഇഡിയുടെ കള്ള കേസിനെതിരെയും പ്രതിപക്ഷ വേട്ടയാടലിനെതിരെയും ശക്തമായ പ്രതിഷേധിക്കുമെന്ന് ഇമ്രാൻ പ്രതാപ്ഗർഹി എം പി പറഞ്ഞു. രാഷട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നാണ് കോൺഗ്രസിൻ്റെ വിമർശനം. ഇതിനിടെ, നാഷണൽ ഹെറാൾഡ് കേസിൽ സുപ്രിം കോടതിയെ സമീപിക്കുന്നതും കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ട്. പ്രത്യേക കോടതിയിലെ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെടുന്നതാണ് പരിഗണനയിലുള്ളത്. കുറ്റപത്രം 25ന് ഡൽഹി റൗസ് അവന്യു കോടതി പരിഗണിക്കും.