ഇ.വി.എമ്മുകള്‍ സുരക്ഷയില്ലാതെ കടത്തിക്കൊണ്ടു പോകുന്ന വീഡിയോ പ്രചരിക്കുന്നത് തടയിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മര്‍ദ്ദം; വീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍

ലഖ്നൗവിലെ നാലാംഘട്ട തിരഞ്ഞെടുപ്പിനിടെ ഇ.വി.എമ്മുകള്‍ യാതൊരു സുരക്ഷാസന്നാഹവുമില്ലാതെ ഒരു ട്രക്കില്‍ കുത്തിനിറച്ച് കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതേതുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോള്‍ ഈ വീഡിയോ പ്രചരിക്കുന്നത് തടയാന്‍ ട്വിറ്റര്‍ ഇന്ത്യയുടെ മേല്‍ കമ്മീഷന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിന്റെ ഭാഗമായി ട്വിറ്റര്‍ വീഡിയോ നീക്കം ചെയ്‌തെന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയായിരുന്നു യാതൊരു സുരക്ഷയുമില്ലാതെ ഇ.വി.എം മെഷീനുകളായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ” വോട്ടിംഗ് അവസാനിക്കുന്ന സമയം 6 മണിയാണ്. എന്നാല്‍ 5.30 ന് ഇത്രയും ഇ.വി.എമ്മുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്? അത് തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ? ” എന്നായിരുന്നു അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ ചോദിച്ചത്.

വീഡിയോ ദൃശ്യങ്ങള്‍ സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുയരുന്നത്.