ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാസാക്കിയതിനെതിരെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

ദേശിയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാസാക്കിയതിനെതിരെ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറുവരെ 24 മണിക്കൂറാണ് സമരം. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നു. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് ആശുപത്രികളിലെ ഒ.പി.കള്‍ ബുധനാഴ്ച പ്രവര്‍ത്തിക്കില്ല. കിടത്തിചികിത്സയുമുണ്ടാകില്ല. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്യും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിലുള്ളത്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. കഴിഞ്ഞദിവസം ലോക്‌സഭയില്‍ വോട്ടിനിട്ട ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് പാസാക്കിയത്.

പാവപ്പെട്ടവര്‍ക്കെതിരും സമ്പന്നര്‍ക്ക് അനുകൂലവുമാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലെന്ന് ഐ.എം.എ. സെക്രട്ടറി ജനറല്‍ ആര്‍.വി. അശോകന്‍, ദേശീയ വൈസ് പ്രസിഡന്റ് ജെ.എ. ജയലാല്‍ എന്നിവര്‍ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Read more

ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനെന്ന വ്യാജേന മൂന്നരലക്ഷം വ്യാജഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള വ്യവസ്ഥകള്‍ ആരോഗ്യമേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഐ.എം.എ. സംസ്ഥാനപ്രസിഡന്റ് ഡോ. എം.ഇ. സുഗതനും സെക്രട്ടറി ഡോ. സുല്‍ഫി നൂഹുവും പറഞ്ഞു.