അക്ബറിനെയും സീതയെയും ഒന്നിച്ച് പാര്‍പ്പിക്കരുത്; സിംഹങ്ങളെയും വെറുതെ വിടാതെ വിഎച്ച്പി

കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വിചിത്ര വാദവുമായി വിശ്വ ഹിന്ദു പരിഷത്ത്. സിലിഗുഡി സഫാരി പാര്‍ക്കില്‍ രണ്ട് സിംഹങ്ങളെ ഒന്നിച്ച് പാര്‍പ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്നാണ് വിഎച്ച്പി ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.

വനം വകുപ്പ് ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിഎച്ച്പി ബംഗാള്‍ ഘടകമാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് ഈ മാസം 20ന് പരിഗണിക്കും. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നിലാണ് വിഎച്ച്പിയുടെ വിചിത്ര ഹര്‍ജി എത്തിയത്.

ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നെത്തിച്ച സിംഹങ്ങളെയാണ് വിഎച്ച്പി വിവാദത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മൃഗങ്ങളുടെ പേര് മാറ്റാനാവില്ലെന്ന് സഫാരി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിലെത്തുന്നതിന് മുന്‍പ് തന്നെ സിംഹങ്ങള്‍ക്ക് പേരുണ്ടെന്നാണ് ബംഗാള്‍ വനംവകുപ്പ് വിശദമാക്കുന്നത്.