അയല്‍വാസിയുടെ വീട്ടില്‍ ഡിജെ പാര്‍ട്ടി; 63 കോഴികള്‍ ചത്തുവെന്ന പരാതിയുമായി ഫാം ഉടമ

അയല്‍ക്കാരന്റെ വീട്ടിലെ വിവാഹത്തിനിടെ ഉച്ചത്തില്‍ പാട്ടു വെച്ചതുമൂലം തന്റെ കോഴികള്‍ ചത്തുവെന്ന പരാതിയുമായി ഫാം ഉടമ. ഒഡിഷയിലെ ബാലസോറിലുള്ള പൗള്‍ട്രി ഫാം ഉടമയായ രഞ്ജിത് പരിദയാണ് നീലഗിരി പൊലീസ് സ്റ്റേഷനില്‍ അയല്‍വാസിയ്‌ക്കെതിരെ പരാതി നല്‍കിയത്.

അയല്‍വാസിയായ രാമചന്ദ്രന്‍ പരിദയുടെ വീട്ടില്‍ നടന്ന വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയില്‍ ഉച്ചത്തില്‍ ഡിജെ മ്യൂസിക് വെച്ചിരുന്നു. ഇത് കേട്ടതാണ് തന്റെ 63 കോഴികളുടെ മരണത്തിന് കാരണമായത് എന്നാണ് പരാതി.

ഡിജെ ബാന്‍ഡുമായി ഞയറാഴ്ച രാത്രി 11.30ക്ക് വിവാഹഘോഷയാത്ര ഫാമിന് മുന്നിലൂടെ കടന്ന് പോയിരുന്നു. ഡിജെ അടുത്തെത്തിയപ്പോള്‍ കോഴികളുടെ പെരുമാറ്റം അസ്വസ്ഥത നിറഞ്ഞതായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡിജെ അതിന് തയാറായില്ല. തുടര്‍ന്ന് കോഴികള്‍ തളര്‍ന്നു വീഴുകയായിരുന്നു എന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കോഴികളെ മൃഗഡോക്ടറെ കാണിച്ചു, പക്ഷേ രക്ഷിക്കാനായില്ല. ഉച്ചത്തിലുള്ള ശബ്ദമാണ് മരണകാരണം എന്നാണ് ഡോക്ടറുടെയും അഭിപ്രായം. നീലഗിരി സഹകരണ ബാങ്കില്‍ നിന്നും 2 ലക്ഷം രൂപ ലോണെടുത്താണ് രഞ്ജിത്ത് ഫാം ആരംഭിച്ചത്. കോഴികളെല്ലാം ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് രാമചന്ദ്രനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നും അത് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത്ത് പൊലീസിന് പരാതി നല്‍കിയത്.

Read more

പരാതി ലഭിച്ചതിനെ തുടര്‍ന്ന് രണ്ടു കൂട്ടരെയും വിളിച്ച് വിഷയം ഒത്തുതീര്‍പ്പാക്കിയെന്നാണ് ബാലസോര്‍ പൊലീസ് എസ.പി സുധാന്‍ഷു മിശ്ര പറഞ്ഞത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് രഞ്ജിത്ത്. ജോലിയൊന്നും കിടടാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ 2019ല്‍ ബ്രോയിലര്‍ ഫാം ആരംഭിച്ചത്.