ഇവിഎംമ്മിൽ കൃത്രിമം നടക്കുന്നുവെന്ന് വ്യാപക പരാതി; വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നൽകണമെന്ന് ദിഗ്‌വിജയ്‌ സിങ്, സുപ്രീംകോടതി ഇടപെടണമെന്ന് അഭ്യർത്ഥന

നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ്‌ സിങ്. മധ്യപ്രദേശിൽ ഇവിഎം പരീക്ഷണ സമയത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ വിവിപാറ്റ് സ്ലിപ്പ് മാത്രമാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന യൂട്യൂബ് ലിങ്കോടെയാണ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യം പങ്കുവച്ചത്.

വിവിപാറ്റ് സ്ലിപ്പുകൾ വോട്ടർമാർക്ക് കെെമാറണം. തുടർന്ന്, സ്ലിപ്പുകൾ പ്രത്യേക ബാലറ്റ് ബോക്സിലേക്ക് മാറ്റണം. ഇത്തരം പത്ത് കൗണ്ടിങ് യൂണിറ്റുകളിൽ നിന്നുള്ള ഫലവും സെൻട്രൽ കൗണ്ടിങ് യൂണിറ്റിലെ ഫലവും തമ്മിൽ താരതമ്യം ചെയ്യണം. ഈ രണ്ട് ഫലങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്നുണ്ടെങ്കിൽ കമ്മീഷൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കണം, എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം വിശദീകരിച്ചു.

ഇത്തരമൊരു നടപടിയെടുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എന്ത് പ്രശ്‌നമാണുള്ളതെന്നും ദിഗ്‌വിജയ്‌ സിങ് ചോദിച്ചു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി വിഷയം സുപ്രീംകോടതി ഏറ്റെടുക്കണമെന്നും അഭ്യർഥിക്കുന്നു. ഇത്തരം നടപടികൾ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സുരക്ഷയും വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.