ഞാൻ പഠിച്ച സമയത്തൊന്നും അവിടെ 'തുക്‌ഡേ തുക്‌ഡേ' ഗ്യാങ്ങുകളെ കണ്ടിട്ടില്ല; ജെ.എൻ.യു സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി

താൻ പഠിച്ചിരുന്ന കാലത്തൊന്നും ജെ.എൻ.യുവിൽ “തുക്‌ഡേ തുക്‌ഡേ” ഗ്യാങ്ങുകളെ കണ്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.  ജെ.എൻ.യു പ്രശ്‌നത്തിൽ എനിക്ക് പറയാനുള്ളത് ഞാൻ ഇന്നലെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഒരു പുസ്തക പ്രസാധന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

“”എനിക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും, ഞാൻ പഠിച്ചിരുന്ന കാലത്ത് ജെ.എൻ.യുവിൽ തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങുകളെയൊന്നും അവിടെ കണ്ടിട്ടില്ല.””- കേന്ദ്ര മന്ത്രി പറഞ്ഞു.

തീവ്ര വലതുപക്ഷ പാർട്ടികൾ പ്രതിപക്ഷത്തെ സൂചിപ്പിക്കാനാണ് തുക്ടേ എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്. പ്രധാനമായും ഇടത് അനുകൂല സംഘടനകളും അവരെ പിന്തുണയ്ക്കുന്ന സംഘടനകളുമാണ് ബി.ജെ.പി ഈ പരാമർശം കൊണ്ട് ലക്ഷ്യമിടുന്നത്. ജെ.എൻ.യുവിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലും ബി.ജെ.പി പ്രതിപക്ഷത്തെ സൂചിപ്പിക്കാൻ “തുക്‌ഡേ തുക്‌ഡേ” എ്ന്ന പദം ഉപയോഗിച്ചിരുന്നു. ജെഎൻയു കാമ്പസ് അക്രമത്തെ അപലപിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ജെഎൻയുവിൽ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടു. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇത് സർവകലാശാലയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും പൂർണമായും എതിരാണെന്നും ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് ജെ.എൻ.യു സർവകലാശാലയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ആക്രമിച്ചത്. 25 ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പൊലീസിന് ഇതുവരെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.