കല്യാണത്തിന് എത്തിയില്ല; വരന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ച് വധു

 

വിവാഹവേഷത്തില്‍ വരന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി വധു. തിങ്കളാഴ്ച്ച ഒഡിഷയിലെ ബെര്‍ഹാംപൂരിലാണ് വ്യത്യസ്തമായ ഈ സംഭവം നടന്നത്. വിവാഹദിനത്തില്‍ വരന്‍ മണ്ഡപത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് വധുവായ ഡിംപിള്‍ ഡാഷ് ധര്‍ണ നടത്തിയത്.

ഡിംപിള്‍ ഡാഷും വരനായ സുമിത് സാഹുവും നേരത്തെ നിയമപരമായി വിവാഹിതരായവരാണ്. ഹിന്ദു ആചാരപ്രകാരം ഇവരുടെ വിവാഹം നടത്താന്‍ ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിച്ചു. അതിനെ തുടര്‍ന്ന് നടന്ന ചടങ്ങിലാണ് വരാന്‍ എത്താതിരുന്നത്.

ഡിംപിളും കുടുംബവും വിവാഹ വേദിയില്‍ എത്തി മണിക്കൂറുകളോളം കാത്തു നിന്നിട്ടും സുമിതും കുടുംബവും എത്തിയില്ല. ഫോണ്‍കോളുകളോട് പ്രതികരിയ്ക്കുകയോ, സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് വധു അമ്മയോടൊപ്പം വരന്റെ വീടിന് മുന്നില്‍ പോയി ധര്‍ണ നടത്തുകയായിരുന്നു.

ഇവരുടെ വിവാഹം 2020 സെപ്റ്റംബര്‍ 7 നാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിവസം മുതല്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും ഒരിക്കല്‍ അവര്‍ മുകളിലത്തെ മുറിയില്‍ പൂട്ടിയിട്ടുവെന്നും ഡിംപിള്‍ പറഞ്ഞു. ആദ്യമൊക്കെ ഭര്‍ത്താവ് തന്നെ പിന്തുണച്ചിരുന്നെന്നും പിന്നീട് കുടുംബത്തോടൊപ്പം ചേരുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഡിംപിള്‍ മഹിളാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിനു ശേഷം തന്റെ ഭര്‍തൃ പിതാവ് തന്റെ വീട്ടില്‍ വന്ന് എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് ഹിന്ദു ആചാരപ്രകാരം കല്യാണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും ഡിംപിള്‍ ഡാഷ് പറഞ്ഞു.

”അവന്‍ എന്റെ മകളെ ദിവസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു, ഇപ്പോള്‍ വിവാഹത്തിന് എത്തിയില്ല. എന്റെ മകള്‍ ഈ കുടുംബത്തിന് ഉപയോഗിക്കാനും വലിച്ചെറിയാനുമുള്ള ഒരു ഉല്‍പ്പന്നമാണോ ?” – ഡിംപിളിന്റെ അമ്മ ചോദിച്ചു.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വരനും കുടുംബത്തിനുമെതിരെ മഹിളാ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ടെന്ന് ബെര്‍ഹാംപൂര്‍ പൊലീസ് സൂപ്രണ്ട് പിനാക് മിശ്ര സ്ഥിരീകരിച്ചു. എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് സുമിത്തിന്റെ കുടുംബം വധുവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

വരന്റെ വീട്ടുകാരില്‍ നിന്ന് പൊലീസ് കൈക്കൂലി വാങ്ങിയെന്ന വധുവിന്റെയും വീട്ടുകാരുടെയും ആരോപണം പൊലീസ് നിഷേധിച്ചു. കേസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതി തീരുമാനം ഒന്നും എടുത്തിട്ടില്ലാത്തതിനാല്‍ പൊലീസിന് സംഭവത്തില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും എസ്.പി പ്രതികരിച്ചു.