ക്രിക്കറ്റ് താരം ചമഞ്ഞ് കബളിപ്പിച്ചത് തമിഴ്നാട് മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും; ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പൂട്ട് വീണു, ഭിന്നശേഷിക്കാരാൻ അറസ്റ്റിൽ

ക്രിക്കറ്റ് താരം ചമഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും കായികമന്ത്രി ഉദയ നിധി സ്റ്റാലിനെയും കബളിപ്പിച്ച ഭിന്നശേഷിക്കാരൻ അറസ്റ്റിൽ. പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ട് വിനോദ് ബാബു എന്ന ഭിന്നശേഷിക്കാരനാണ് മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും പറ്റിച്ചത്. ഒരു വ്യാജട്രോഫിയും ഇയാൾ സംഘടിപ്പിച്ചിരുന്നു.

രാമനാഥപുരം സ്വദേശിയായവിനോദ് ബാബുവാണ് തട്ടിപ്പ് നടത്തിയത്. കുറച്ചു ദിവസം നാട്ടിൽ നിന്ന് മാറി നിന്ന തിരിച്ചെത്തി നുണക്കഥ പ്രചരിപ്പിക്കുകയായിരുന്നു. ഇയാൾ പാകിസ്ഥാനിൽ നടന്ന ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റ് കളിക്കാൻ പോയി, ജയിച്ചു, ടീമിനെ നയിച്ചത് താനായിരുന്നു എന്നായിരുന്നു കഥ. ഇതോടെ നാട്ടുകാർ ഫ്ലെക്സ് വെയ്ക്കുകയും പൗരസ്വീകരണം നൽകുകയും ചെയ്തു.

പിന്നോക്ക വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനും ഇയാളെ അഭിനന്ദിക്കാനെത്തി. പിന്നീടാണ് മുഖ്യമന്ത്രിയെ കാണുന്നത് . മുഖ്യമന്ത്രി സ്റ്റാലിനും, കായിക മന്ത്രി ഉദയ നിധി സ്റ്റാലിനും ഇയാളെ അഭിനനന്ദിച്ചു. ഇവരോടൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ കഥമാറി. തട്ടിപ്പ് പുറത്തായി രാമനാഥപുരം പൊലീസ് വിനോദിനെതിരെ ഐപിസി 406,420 വകുപ്പുകൾ പ്രകാരം വഞ്ചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു.

പാസ്പോർട്ടു പോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്ത് പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നുണക്കഥ പറഞ്ഞ് നിരവധിപ്പേരിൽ നിന്ന് ഇയാൾ പണം തട്ടിയിരുന്നു. തട്ടിപ്പുകാരൻ മന്ത്രിമാരുടെ അടുത്ത് വരെ എത്തിയതിന്റെ അപമാനത്തിലാണ് തമിഴ്നാട് പൊലീസിന്‍റെ ഇന്‍റലിജൻസ് വകുപ്പ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.