സുരക്ഷാവീഴ്ചകൾ; 2019- ൽ കരിപ്പൂർ വിമാനത്താവളത്തിന് ഡി.ജി.സി.എ നോട്ടീസ് നൽകിയിരുന്നു

റൺ‌വേയും ആപ്രോണും (വിമാനത്തില്‍ ചരക്കു കയറ്റുന്ന തറ) ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഡി‌.ജി‌.സി‌.എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കഴിഞ്ഞ ജൂലൈ 11- ന് കരിപ്പൂർ വിമാനത്താവളത്തിന്റെ ഡയറക്ടർക്ക് ഒരു കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

റൺവേയിലെ വിള്ളലുകൾ, വെള്ളക്കെട്ട്, അമിതമായ റബ്ബർ നിക്ഷേപം തുടങ്ങിയ സുരക്ഷാ തകരാറുകൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അതിന്റെ കാരണംകാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂലൈ 2- ന് സൗദി അറേബ്യയിലെ ദമാമിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ ടെയിൽ സ്ട്രൈക്ക് ഉണ്ടായതിനെ തുടർന്നാണ് ഡിജിസിഎ പരിശോധന നടത്തിയത് എന്ന് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ജൂലൈ 2- ലെ സംഭവത്തിന് ശേഷം ജൂലൈ 4, ജൂലൈ 5 തിയതികളിൽ ഡി‌ജി‌സി‌എ വിമാനത്താവളത്തിൽ പരിശോധന നടത്തി. ജൂലൈ 11- ന് കോഴിക്കോട് എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവുവിന് കാരണംകാണിക്കൽ നോട്ടീസ് നൽകി.

വെള്ളിയാഴ്ച രാത്രി 191 യാത്രികരുമായി ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി കഷണങ്ങളായി തകർന്നപ്പോൾ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ പതിനെട്ട് പേരാണ് മരിച്ചത്. ദുരന്തം ഉണ്ടായ ടേബിൾ‌ടോപ്പ് റൺ‌വേ ആഴത്തിലുള്ള മലയിടുക്കുകളാൽ ചുറ്റപ്പെട്ട അപകട സാദ്ധ്യത ഏറെ ഉള്ള ഒന്നായിരുന്നു എന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.