ബി.ജെ.പിയുടെ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്

ബി.ജെ.പിയുടെ ബിഹാർ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്-19 സ്ഥിരീകരിച്ചു. “ഞാൻ കുറച്ചു നാൾ വിശ്രമിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു!” ഇന്ന് ഉച്ചതിരിഞ്ഞ് ഒരു ട്വീറ്റിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി എഴുതി. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്കൊപ്പം ഫഡ്നാവിസ് വോട്ടെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിച്ചിരുന്നു. വ്യാഴാഴ്ച സുശീൽ കുമാർ മോദിക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

അടുത്തിടെ താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാവണമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് അഭ്യർത്ഥിച്ചു.

“ലോക്ക് ഡൗൺ മുതൽ എല്ലാ ദിവസവും ഞാൻ ജോലി ചെയ്യുന്നുണ്ടെങ്കിലും കുറച്ചു നാളത്തേക്ക് അതെല്ലാം നിർത്തി ഒരു ഇടവേള എടുക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു! എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇപ്പോൾ ഐസൊലേഷനിലാണ്. ഡോക്ടർമാരുടെ ഉപദേശപ്രകാരം എല്ലാ മരുന്നുകളും ചികിത്സയും എടുക്കുന്നു,”ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

“എന്നോട് സമ്പർക്കം പുലർത്തിയവർ കോവിഡ് 19 പരിശോധന നടത്താൻ നിർദ്ദേശമുണ്ട്. എല്ലാവരും ശ്രദ്ധിക്കുക!” മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.