മണ്ഡല പുനർനിർണയം നടന്നാൽ കേരളത്തിനും തമിഴ്‌നാടിനും തിരിച്ചടിയാകും, കേരളത്തിന് ആറ് സീറ്റുകൾ കുറയും, ആശങ്ക

പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയതിന് പിന്നാലെ ലോക്‌സഭാ മണ്ഡല പുനർനിർണയനീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ വന്‍ തിരിച്ചടിയാകുമെന്ന് ആശങ്ക. ജനസംഖ്യ മാത്രം മാനദണ്ഡമാക്കി മണ്ഡല പുനർനിർണയം നടത്തുന്നത്‌ തമിഴ്‍നാട്, കേരളം പോലെ ജനസംഖ്യാനിയന്ത്രണത്തിൽ നേട്ടം കൈവരിച്ച സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമാകും.

ലോക്‌സഭയുടെ അംഗബലം വര്‍ധിപ്പിക്കാതെ മണ്ഡല പുനർനിർണയം നടത്തിയാല്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ 24 സീറ്റ്‌ നഷ്ടമാകും. കേരളത്തിൽ ആറും തമിഴ്‌നാട്ടിൽ പതിനൊന്നും സീറ്റ്‌ കുറയും. അതേസമയം ലോക്‌സഭയുടെ നിലവിലെ അംഗബലം വർധിപ്പിക്കുമോ എന്നതിൽ തീരുമാനമായിട്ടില്ല.

‘ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തുകയാണെങ്കിൽ, അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്ന് ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത ഡിഎംകെ എംപി കനിമൊഴി ആരോപിച്ചിരുന്നു. ലോക്‌സഭ പാസാക്കിയ വനിതാ സംവരണ ബിൽ ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33% സംവരണം നൽകുന്നതാണ്. എന്നാൽ, ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണയം പൂർത്തിയായാലേ ഈ സംവരണം നിലവിൽ വരുകയുള്ളു.

ലോക്‌സഭാ മണ്ഡല പുനർനിർണയം 2026 വരെ മരവിപ്പിക്കാൻ 2002ൽ ഭരണഘടനാ ഭേദഗതി ചെയ്തിരുന്നു.ഈ ഭേദഗതി അനുസരിച്ച് 2026 ന് ശേഷമുള്ള സെൻസസ് ഡാറ്റ മാത്രമേ മണ്ഡല പുനർനിർണയത്തിന് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. 25 വർഷത്തിനകം ജനസംഖ്യാ വളർച്ചനിരക്കിൽ സന്തുലനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് അന്ന് വരെ മണ്ഡല പുനർനിർണയം മരവിപ്പിച്ചത്. എന്നാൽ, രണ്ടു പതിറ്റാണ്ടിൽ മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ 12–15 ശതമാനം വർധിച്ചപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാവളർച്ച ആറുമുതൽ 10 വരെ ശതമാനം മാത്രമാണ് .

നിലവിലെ ജനസംഖ്യപ്രകാരം മണ്ഡല പുനർനിർണയം നടത്തിയാൽ ഉത്തരേന്ത്യയിൽ പുതുതായി 32 സീറ്റ്‌ രൂപംകൊള്ളും. അതേസമയം, ലോക്‌സഭയുടെ അംഗബലം വർധിപ്പിക്കാൻ തീരുമാനിച്ചാൽ ഉത്തർപ്രദേശിൽ സീറ്റുകളുടെ എണ്ണം 80ൽനിന്ന്‌ 143 ആയി പെരുകും. അപ്പോഴും കേരളത്തിലെ സീറ്റുകള്‍ 20 ആയി തുടരും. തമിഴ്‌നാട്ടിലേത്‌ 39ൽനിന്ന്‌ 49 ആകുമെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

ദക്ഷിണേന്ത്യയുടെ ചെലവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ സീറ്റുകൾ നേടുന്നത് അന്യായമാണെന്ന് ആർഎസ്പി എംപി എൻ കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിൽ നേട്ടം കൈവരിച്ചതിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1971ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതാണ് ലോക്സഭയുടെ നിലവിലെ അംഗസംഖ്യയായ 543. അതേസമയം 888 പേർക്ക്‌ ഇരിക്കാൻ കഴിയുന്ന വിധത്തിലാണ്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിലെ ലോക്‌സഭാ ഹാൾ ഒരുക്കിയിരിക്കുന്നത്.