ഡല്‍ഹി കലാപത്തില്‍ മരണം 37 ആയി; അന്വേഷിക്കാന്‍ രണ്ട് പ്രത്യേക സംഘം

ഡല്‍ഹി കലാപത്തല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. കലാപം അന്വേഷിക്കാന്‍ രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡി സി പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥന്മാര്‍ ഇതിന് നേതൃത്വം നല്‍കും.

കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജനജീവിതം സാധാരണ നിലയിലാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ കഴിയൂ.

ഇന്നലെ രാത്രി നടന്ന ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. കനത്ത ജാഗ്രതയോടെ എല്ലാ കലാപ ബാധിത മേഖലകളിലും സര്‍വ്വ സന്നാഹങ്ങളുമായി അര്‍ധ സൈനികരുള്‍പ്പെടെയുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ഇതേ സമയം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.