ഡല്‍ഹി കലാപം: 53 പേര്‍ കൊല്ലപ്പെട്ടെന്ന് ജി.ടി.ബി ആശുപത്രി

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പുറത്ത് വിട്ട് ജിടിബി ആശുപത്രി. 53 മരണത്തില്‍ ജി.ടി.ബിയില്‍ റിപ്പോര്‍ട്ട് ചെയ്ത 44ല്‍ 28 എണ്ണം യുവാക്കളുടേത്. 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. പരിക്കേറ്റ 298 പേരില്‍ 28 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും 174 പേര്‍ യുവാക്കളുമാണ്.

വടക്ക് കിഴക്കന്‍ ഡല്‍ഹിക്ക് സമീപമുള്ള ആശുപത്രിയായതിനാല്‍ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗം പേരെയും എത്തിച്ചത് ദില്‍ഷാദ് ഗാര്‍ഡനിലെ ജിടിബി ആശുപത്രിയില്‍ ആയിരുന്നു. ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന കണക്കനുസരിച്ച് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും യുവാക്കളാണ് ഏറെയും. മരിച്ചവരില്‍ 2 പേര്‍ പ്രായ പൂര്‍ത്തിയാകാത്തവരായിരുന്നു. 20 നും 39നും ഇടയില്‍ പ്രായമുള്ളവര്‍ 28 പേരുണ്ടായിരുന്നു. 5 പേര്‍ 40 നും 49നും ഇടയില്‍ ഉള്ളവരും 4 പേര്‍ 50 മുകളില്‍ ഉള്ളവരും ഒരാള്‍ 90 മുകളില്‍ പ്രായമുള്ളയാലുമായിരുന്നു. 3 പേരുടെ വയസ് വ്യക്തമല്ല.

41 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. 13 പേര്‍ വെടിയേറ്റും 24 പേര്‍ പൊള്ളലേറ്റുമാണ് മരിച്ചത്. പരിക്കേറ്റ 298 പേരില്‍ 28 പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 174 പേര്‍ യുവാക്കളാണ്.

58 പേര്‍ 40 നും 59നും ഇടയിലും 7 പേര്‍ 60 നും 70നും ഇടയിലും പ്രായമുള്ളവരാണ്. 4 പേര്‍ക്ക് 90നടുത്ത് പ്രായമുണ്ട്. 27 പേരുടെ വയസ് വ്യക്തമല്ല. ചികിത്സ തേടിയവരില്‍ 67 പേര്‍ക്ക് വെടിയേറ്റ പരിക്കുണ്ട്. പരിക്കേറ്റവരെയല്ലാം അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.