പ്രതിഷേധം തീവ്രവാദമല്ലെന്ന് കോടതി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം

“ഭരണഘടനാപരമായി ഉറപ്പുനൽകുന്ന പ്രതിഷേധത്തിനുള്ള അവകാശവും” തീവ്രവാദ പ്രവർത്തനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. വിവാദമായ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

വനിതാ അവകാശ സംഘടനയായ പിഞ്ച്ര തോഡിലെ അംഗങ്ങളായ നതാഷ നർവാൾ, ദേവങ്കണ കലിത, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവരെ 2020 മെയിലാണ് ഗൂഢാലോചനക്കുറ്റത്തിന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. നേരത്തെ ഇവർക്ക് വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Delhi Riots case: HC grants bail to Devangana Kalita, Natasha Narwal, Asif Iqbal

ഇന്ന് രാവിലെ ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വ്യക്തിഗത ബോണ്ടിനും, 50,000 രൂപ വീതം മൂന്നുപേരും കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടുകൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്‌പോർട്ട് കോടതിയിൽ ഏൽപ്പിക്കണമെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

“വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ഉത്കണ്ഠയിൽ, കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിൽ ഭരണഘടനാപരമായി ഉറപ്പുനൽകുന്ന പ്രതിഷേധത്തിനുള്ള അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം ഇല്ലാതായതായി തോന്നുന്നു. ഈ മാനസികാവസ്ഥ സ്വീകാര്യത നേടുന്നുവെങ്കിൽ, അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ദിവസമായിരിക്കും,” കേന്ദ്രത്തെ വിമർശിച്ച് കോടതി പറഞ്ഞു.