മുസ്ലീം യുവാവിനെ ഉപദ്രവിച്ച ഹിന്ദുത്വ അക്രമിയെ തടഞ്ഞ പൊലീസിന് സസ്പെൻഷൻ

ഡൽഹിയിൽ മുസ്ലീം യുവാവിനെ ഉപദ്രവിക്കുന്നതിൽ നിന്നും ഒരു ഹിന്ദുത്വ അക്രമിയെ ധൈര്യപൂർവ്വം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് സസ്പെൻഡ് ചെയ്തു. മുസ്ലീം യുവാവിനെ ഭീഷണിപ്പെടുത്തിയതിന് ഒരു ഹിന്ദുത്വ അക്രമിയെ സി പി ഭരദ്വാജ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ശാസിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാവുകയും പൊലീസുകാരന്റെ ധീരതക്കും സത്യസന്ധതക്കും പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആദർശ് നഗർ എസ്എച്ച്ഒ സി.പി ഭരദ്വാജിനെ ‘ഡ്യൂട്ടി പാലിക്കാത്തതിന്റെ പേരിലും അദ്ദേഹത്തിനെതിരായ നിരവധി പരാതികൾ കണക്കിലെടുത്തും’ സസ്പെൻഡ് ചെയ്തു എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

വൈറലായ വീഡിയോയിൽ, ഒരു ഫ്ലൈ ഓവറിനോട് ചേർന്ന് നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു മുസ്ലീം ആരാധനാലയത്തിന്റെ പേരിൽ ഒരു ഹിന്ദുത്വ അക്രമി ഒരു മുസ്ലീം യുവാവിനെ ഭീഷണിപ്പെടുത്തുന്നതായി കാണാം. ആരാധനാലയത്തിന്റെ നിർമ്മാണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും അത് തന്റെ പൂർവ്വികർ നിർമ്മിച്ചതാണെന്നും മുസ്ലീം യുവാവ് പറയുന്നുണ്ടെങ്കിലും, ഹിന്ദുത്വ അക്രമി അയാളെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു.

ഇതേ തുടർന്ന് ഹിന്ദുത്വ അക്രമിയെ എസ്എച്ച്ഒ ഭരദ്വാജ് നേരിടുകയായിരുന്നു, യുവാവിനെ ഭീഷണിപ്പെടുത്തരുതെന്ന് അക്രമിക്ക് ഭരദ്വാജ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് സർക്കാരിന് മുന്നിൽ ബോധിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ നിയമം കൈയ്യിൽ എടുക്കാൻ അവകാശമില്ലെന്നും ഭരദ്വാജ് ഹിന്ദുത്വ അക്രമിയോട് പറഞ്ഞിരുന്നു.

ഒരു ഇന്ത്യൻ പൗരനെ ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് ആരാണ് അവകാശം നൽകിയത് എന്നും ഭരദ്വാജ് ഹിന്ദുത്വ അക്രമിയോട് ചോദിച്ചിരുന്നു. എന്നാൽ പൊലീസുകാരന്റെ മുന്നറിയിപ്പ് ചെവിക്കൊള്ളാൻ അക്രമി വിസമ്മതിക്കുകയും തുടർന്ന് അക്രമിയെ കസ്റ്റഡിയിൽ എടുക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിതനാകുകയുമായിരുന്നു.