സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഡല്‍ഹിയില്‍ സൗജന്യയാത്ര, മെട്രോയിലും ബസുകളിലും ആനുകൂല്യം ബാധകമെന്ന് മുഖ്യമന്ത്രി കെജരിവാള്‍

സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസംവിധാനമൊരുക്കി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ ഡല്‍ഹി സര്‍ക്കാരിന് 700 കോടി രൂപയുടെ ബാധ്യത വരുമെന്നും കെജരിവാള്‍ പറഞ്ഞു.

ബസുകളിലും മെട്രോ ട്രെയിനുകളിലുമെല്ലാം ഇനി മുതല്‍ സ്ത്രീകള്‍ക്ക് യാത്രാസൗജന്യമായിരിക്കും. മൂന്ന് മാസത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജരിവാള്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും നേതൃത്വം നല്‍കുന്ന മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ സഞ്ചരിച്ച് ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് 2015-ല്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റത്. അന്ന് 70 ല്‍ 67 സീറ്റുകളും ആം ആദ്മിക്കാണ് ലഭിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിച്ച ഏഴു സീറ്റുകളിലും പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസുമായി സഖ്യശ്രമമുണ്ടായെങ്കിലും അത് ഫലവത്തായില്ല. ഫലത്തില്‍ ഏഴ് ലോക്‌സഭാ സീറ്റുകളും ബിജെപിയാണ് നേടിയത്. പുതിയ സൗജന്യപ്രഖ്യാപനത്തിന് പിന്നില്‍ ഈ വസ്തുത കൂടിയുണ്ടെന്നാണ് വിലയിരുത്തല്‍. സാധാരണ ഡല്‍ഹിയിലെ കെജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതികളെ എതിര്‍പ്പ് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വെട്ടാറാണ് പതിവ്.
ഈ പദ്ധതി നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാറിന്റെ അനുവാദം വേണ്ടെന്നും കെജരിവാള്‍ പറഞ്ഞു.