പരീക്ഷണ ഓട്ടത്തിനിടെ ഡല്‍ഹി മെട്രോ പാളം തെറ്റി

ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ മെട്രോ തീവണ്ടി പാളംതെറ്റി. ഡ്രൈവര്‍ ആവശ്യമില്ലാത്ത ട്രെയ്‌നാണിത് അപകടത്തില്‍പ്പെട്ടത്. കല്‍ക്കാജി മന്ദിര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 25 ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം.

പാളം തെറ്റിയ തീവണ്ടി മെട്രോ ഡിപ്പോയുടെ ഭിത്തിയില്‍ ഇടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഡല്‍ഹി മെട്രോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാളിന്ദി കുഞ്ജ് ഡിപ്പോയുടെ മതില്‍ക്കെട്ടിന് ഉള്ളിലാണ് അപകടം നടന്നത്. സംഭവത്തെപ്പറ്റി ഡല്‍ഹി മെട്രോ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ – ജനക്പുരി വെസ്റ്റ് മെട്രോ പാതയ്ക്ക് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കഴിഞ്ഞ മാസമാണ് സുരക്ഷാ അനുമതി നല്‍കിയത്. ഡ്രൈവര്‍ ആവശ്യമില്ലാത്ത പുത്തന്‍ തലമുറ ട്രെയിനുകളാണ് ഈ സെക്ഷനിലൂടെ ഓടിക്കാന്‍ ലക്ഷ്യമിടുന്നത്. നവംബര്‍ അഞ്ചിനും മജന്ത ലൈനിലെ പരീ്ക്ഷണ ഓട്ടത്തില്‍ ഡ്രെയ്‌നുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു.