ഡല്‍ഹി തീപിടുത്തം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും

ഡല്‍ഹി മുണ്ട്കയിലെ തീപിടുത്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നിലവില്‍ 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ക്യാബിനറ്റ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നിവരും അരവിന്ദ് കെജ്‌രിവാളിനൊപ്പം അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും രണ്ടുലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് നിഗമനമെന്ന് ഡല്‍ഹി ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് സൂചിപ്പിച്ചു. ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയില്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവരില്‍ കമ്പനി ഉടമകളുടെ പിതാവും ഉള്‍പ്പെടുന്നു. കമ്പനി ഉടമകളായ ഹരീഷ് ഗോയല്‍, വരുണ്‍ ഗോയല്‍ എന്നിവരുടെ പിതാവ് അമര്‍നാഥ് ഗോയല്‍ കമ്പനിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കെട്ടിട ഉടമ മനീഷ് ലാക്ര ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Read more

ഇന്നലെ വൈകിട്ട് മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കമ്പനി ഉടമകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പിടുത്തമുണ്ടായത്. 24 ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ സ്ഥലത്തെത്തിയത്.