ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വ്യക്തമായ വിജയമെന്ന് എക്സിറ്റ് പോളുകൾ; 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു

ഡൽഹി നിയമസഭയിലേക്ക് പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച നടന്ന ഒറ്റ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ഡൽഹിയിലെ 70 മണ്ഡലങ്ങളിലുമായി രാവിലെ 8 നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറുമണിവരെ ആയിരുന്നു വോട്ടെടുപ്പിനായി ക്യുവിൽ നിൽക്കാൻ അവസരം. 6 മണിക്ക് മുമ്പ് ക്യൂവിൽ പ്രവേശിച്ച ആളുകൾ പലയിടത്തും വൈകിയും ക്യൂവിൽ തുടർന്നു. 57.06% (താൽക്കാലിക കണക്ക്) പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ബി.ജെ.പി കോൺഗ്രസ് എന്നീ പാർട്ടികൾക്കെതിരെ വലിയ ഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടിക്ക് വ്യക്തമായ വിജയം ഉണ്ടാവുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ജനുവരി 6 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്, തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

2020 ലെ ഡൽഹി തിരഞ്ഞെടുപ്പിൽ 1.46 കോടിയിലധികം ആളുകൾക്ക് വോട്ടുചെയ്യാൻ അർഹതയുണ്ട്. ഡൽഹി നിയമസഭയുടെ നിലവിലെ കാലാവധി ഫെബ്രുവരി 22 ന് അവസാനിക്കും. മൊത്തം വോട്ടർമാരുടെ എണ്ണം 1.46.92,136 ആണ് അതിൽ 80.55,686 വോട്ടർമാർ പുരുഷന്മാരും, 66.35,635 സ്ത്രീകളും ഉണ്ട്, മൂന്നാം ലിംഗത്തിൽപ്പെട്ട 815 പേരും – ഡൽഹി തിരഞ്ഞെടുപ്പ് അന്തിമ വോട്ടർമാരുടെ പട്ടികയിൽ ഉണ്ട്.