അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; ഒപി അടക്കം അടച്ചിട്ട് പൊതുഅവധി നൽകാനുള്ള തീരുമാനം പിൻവലിച്ച് ഡൽഹി എയിംസ്

വ്യാപക വിമർശനമുയർന്നതോടെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ഡൽഹി എയിംസിൽ ഒപി അടക്കം അടച്ചിട്ട് ജീവനക്കാർക്ക് ഉച്ചവരെ അവധി നൽകാനുളള തീരുമാനം പിൻവലിച്ചു. ഒപി വിഭാഗം തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. രോഗികൾക്കുണ്ടാകുന്ന അസൗകര്യം ചൂണ്ടിക്കാണിച്ചുണ്ടായ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഒപി വിഭാഗത്തിനടക്കം അവധി നൽകാനുള്ള തീരുമാനം അവസാന നിമിഷം പിൻവലിച്ചത്.

അതേസമയം പുതുച്ചേരി ജിപ്മർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ​ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) അടച്ചിടുന്നതിനെതിരായ ഹർജി തളളി. രോഗികൾക്ക് ബുദ്ധിമുട്ട് വരാതെ നോക്കുമെന്ന അധികൃതരുടെ ഉറപ്പ് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ഒപി വിഭാഗം പ്രവർത്തിക്കണമെന്നും നിർദേശമില്ല. അർബുദ രോഗികൾക്കും ഡയാലിസിസ് വേണ്ടവർക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് ബാങ്കിനും ഓഹരി വിപണികൾക്കും അവധിയാണ്. കൂടാതെ, എൻഡിഎ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.