യു.പിയിലെ തോല്‍വി; ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് ബി.എസ്.പി

ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവ് മായാവതി. യു.പിയില്‍ എക്കാലത്തേയും കുറവ് സീറ്റാണ് പാര്‍ട്ടിക്ക് ഇക്കുറി ലഭിച്ചത്. ഒരു സീറ്റ് മാത്രമാണ് ബി.എസ്.പിയ്ക്ക് കിട്ടിയത്. തോല്‍വിക്ക് കാരണം മാധ്യമങ്ങളുടെ ‘ജാതി അജണ്ട’യാണെന്ന് ആരോപിച്ച് മായാവതി ടി.വി ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.

മാധ്യമങ്ങളുടെ സമീപനം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കിയെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു. യു.പി നിയമസഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറൈറ്റ് ബി.എസ്.പി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ അവരുടെ മേലധികാരികളുടെ അതേ ദിശയില്‍ ജാതീയ വിദ്വേഷവും, വിദ്വേഷ മനേഭാവവും വച്ച് പ്രവര്‍ത്തനം നടത്തിയത് ആരില്‍ നിന്നും മറച്ചുവയ്ക്കപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ബി.എസ്.പിയെ ബി.ജെ.പിയുടെ ബി ടീം ആണെന്ന് കാണിക്കുന്ന മാധ്യമങ്ങളുടെ ആക്രമണാത്മക പ്രചാരണമാണ് മുസ്ലിംങ്ങളെയും ബി.ജെ.പി വിരുദ്ധ വോട്ടര്‍മാരെയും പിന്തിരിപ്പിച്ചതെന്ന് അവര്‍ നേരത്തെ ആരോപിച്ചിരുന്നു. യു.പി തിരഞ്ഞെടുപ്പ് ഫലം ബി.എസ്.പിയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്.

‘യു.പി തിരഞ്ഞെടുപ്പ് ഫലം ബി.എസ്.പിയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്. അതില്‍ തളരേണ്ടതില്ല. പകരം, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തി പാര്‍ട്ടി പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകണം, വീണ്ടും അധികാരത്തില്‍ വരണം,’ അവര്‍ പറഞ്ഞു.

Read more

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം ബി.ജെ.പിയും കോണ്‍ഗ്രസും തങ്ങളുടെ പാര്‍ട്ടിയെ വീണ്ടും യു.പിയില്‍ അധികാരത്തില്‍  എത്തിച്ചത് മായാവതി ഓര്‍മ്മിപ്പിച്ചു. യു.പിയില്‍ ഇക്കുറി 403 മണ്ഡലങ്ങളില്‍ 255ലും വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്.