സുശാന്തിന്റെ മരണം- ലഹരിക്കേസ്: ദീപിക പദുക്കോണിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും, ശനിയാഴ്ച സാറാ അലി ഖാനെയും

 

സുശാന്ത് സിംഗ് രാജപുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ ചോദ്യം ചെയ്യും. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകാൻ എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടെ ഉയർന്നുവന്ന ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ആരോപണത്തെ കുറിച്ച് നടക്കുന്ന വിശാലമായ അന്വേഷണത്തിൽ, ആദ്യമായാണ് ഇത്രയും പ്രമുഖരായ വ്യക്തികളുടെ പേരുകൾ ഉയർന്നു വരുന്നത്.

ദീപിക പദുക്കോണിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും. നാളെ രാകുൽ പ്രീത് സിംഗിനോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ശനിയാഴ്ച ചോദ്യം ചെയ്യുമെന്നും ഫാഷൻ ഡിസൈനർ സിമോൺ ഖമ്പട്ടയെയും നാളെ ചോദ്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ദീപിക പദുക്കോണിന്റെ ബിസിനസ് മാനേജർ കരിഷ്മ പ്രകാശിനെയും വെള്ളിയാഴ്ച ചോദ്യം ചെയ്യും. മയക്കുമരുന്ന് വാങ്ങുന്നതിനെ കുറിച്ചുള്ള സംഭാഷണങ്ങൾ വെളിപ്പെടുത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങൾ റിയ ചക്രവർത്തിയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.