ആത്മഹത്യാപ്രേരണ കേസ്: അർണബിൽ നിന്ന് ഭീഷണി കോളുകൾ ലഭിച്ചിരുന്നതായി ആത്മഹത്യ ചെയ്ത ആളുടെ ഭാര്യ

ആർക്കിടെക്റ്റ് അൻവേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018-ലെ കേസ് വീണ്ടും തുറക്കാനുള്ള മഹാരാഷ്ട്ര പൊലീസിന്റെ തീരുമാനത്തെ അൻവെയുടെ ഭാര്യ അക്ഷത നായിക് സ്വാഗതം ചെയ്തു.

കേസിൽ മുംബൈ പൊലീസ് റിപ്പബ്ലിക് ടി.വി ഉടമയും എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസ്വാമിയെ മുംബൈയിലെ വസതിയിൽ നിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

ആത്മഹത്യാക്കേസിലെ പ്രതികളിലൊരാളാണ് ഗോസ്വാമി, ഐ-കാസ്റ്റ് സ്കൈ മീഡിയയുടെ ഫിറോസ് ഷെയ്ഖ്, സ്മാർട്ട് വർക്ക്സ് ഉടമ നിതേഷ് സർദ എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അർണബ് ഗോസ്വാമിയും മറ്റ് രണ്ട് പേരും തന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് കുറിപ്പെഴുതിവെച്ച് 2018- ൽ അൻവെ നായിക് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും തുറക്കണമെന്നും ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് അർണബ് ഗോസ്വാമിയിൽ നിന്ന് ഭീഷണി കോളുകൾ ലഭിച്ചിരുന്നതായി അൻവെയുടെ ഭാര്യ അക്ഷത നായിക് പത്രസമ്മേളനത്തിൽ പറഞ്ഞു.

“എന്റെ കുടുംബത്തെയും അർണബ് ഗോസ്വാമി പിന്തുടർന്നിരുന്നു. മുർബാദ്, അലിബാഗ്, ദാദർ പൊലീസ് സ്റ്റേഷനുകളിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തു. അതിനുശേഷം ഞാൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ കണ്ടു, അദ്ദേഹം ഞങ്ങൾക്ക് പൊലീസ് സുരക്ഷ നൽകി,” അക്ഷത നായിക് പറഞ്ഞു.

അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി സ്റ്റുഡിയോയുടെ ഇന്റീരിയർ ഡിസൈൻ ജോലികൾ പൂർത്തിയാക്കാൻ തന്റെ ഭർത്താവ് 500 തൊഴിലാളികളുമായി ജോലി ചെയ്തിരുന്നതായി അക്ഷത പറഞ്ഞു.

തന്റെ ഭർത്താവിന്റെ കഠിനാദ്ധ്വാനത്തിന് അർണബ് പ്രതിഫലം നൽകിയിരുന്നെങ്കിൽ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നില്ല എന്ന് അക്ഷത പറഞ്ഞു.

“കുടിശ്ശിക തീർക്കാൻ ഞാൻ വ്യക്തിപരമായി ഗോസ്വാമിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം സഹകരിക്കാൻ വിസമ്മതിക്കുകയും പകരം അദ്ദേഹത്തിന്റെ ധനകാര്യ ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും, അത് വെറുതെയായി. അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ രാഷ്ട്രീയവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എനിക്ക് നീതി വേണം അർണബ് ഗോസ്വാമിക്കെതിരായ പോരാട്ടത്തിൽ ബിജെപി എന്നെ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ” അക്ഷത പറഞ്ഞു.

2018- ൽ നീതി തേടി നിരവധി പൊലീസ് ഉദ്യോഗസ്ഥരെ കണ്ടുവെന്നും എന്നാൽ ആരും തന്നെ സഹായിച്ചില്ലെന്നും അവർ പറഞ്ഞു.

“വളരെ വലിയ വ്യക്തിയായ ഗോസ്വാമിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്ന് പൊലീസ് ഞങ്ങളോട് പറഞ്ഞു. പരാതി രജിസ്റ്റർ ചെയ്താലും ഈ കേസിൽ ഒന്നും സംഭവിക്കില്ലെന്ന് അവർ എന്നോട് പറഞ്ഞു. ഈ കേസിൽ ഗോസ്വാമിയെ സംരക്ഷിക്കാൻ ബിജെപി സർക്കാർ ആഗ്രഹിച്ചിരുന്നു എന്നതാണ് അവർ എന്നോട് പറഞ്ഞ കാരണം. അങ്ങനെ ശരിയായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിച്ചു. എന്റെ കുടുംബത്തിന് നീതി നൽകിയതിനാൽ ഞങ്ങൾക്ക് പിന്തുണ നൽകാനുള്ള ഉദ്ധവ് താക്കറെ സർക്കാർ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു,”അക്ഷത പറഞ്ഞു.