ഫാത്തിമയുടെ മരണം; ഐപാഡും ലാപ്‌ടോപ്പും ഹാജരാക്കാൻ കുടുംബത്തെ വീണ്ടും ചെന്നൈയിലേക്ക് വിളിപ്പിക്കും

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അന്വേഷണ വിധേയമായി കുടുംബത്തെ വീണ്ടും ചെന്നൈയിലേക്ക് വിളിപ്പിക്കും. ഫാത്തിമയുടെ ഐപാഡും ലാപ്‌ടോപ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാനായാണ് ഇവരെ വിളിപ്പിക്കുക. സമൻസ് കൈയ്യിൽ കിട്ടിയാൽ ഉടൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫിനേയും ഇരട്ട സഹോദരി അയിഷ ലത്തീഫിനെയുമാണ് ചെന്നൈയിലേക്ക് വീണ്ടും വിളിപ്പിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഫാത്തിമയുടെ മൊബൈൽ ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ തുറക്കാവൂ എന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരോട് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായാണ് വിളിപ്പിക്കുന്നതെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

സമൻസ് ഇതുവരെയും കയ്യിലെത്തിയിട്ടില്ലെന്നും കിട്ടിയാലുടൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ ലാപ്‌ടോപ്പും ഐപാഡും അന്വേഷണ സംഘത്തിന് കൈമാറും. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അതിനാലാണ് തന്റെ പക്കലുള്ള തെളിവുകൾ മാധ്യമങ്ങൾക്ക് നൽകാത്തതെന്നും ലത്തീഫ് ആവർത്തിച്ചു.

ചെന്നൈയിലെത്തുന്ന അബ്ദുൽ ലത്തീഫ് വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെയും എംകെ സ്റ്റാലിനെയും കാണും. ഒപ്പം തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, കൊല്ലം മേയറേയും തന്റെ മകളേയും അപമാനിച്ച കോട്ടുർപുരം പൊലീസിനെതിരെ നടപടിയെടുക്കുക, മദ്രാസ് ഐഐടിയിൽ നിരന്തരമായി തുടരുന്ന വിദ്യാർത്ഥി ആത്മഹത്യ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിക്കും.