ചരിഞ്ഞ ആനയെ അറുത്തു ഭക്ഷണമാക്കി നാട്ടുകാര്‍; വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ എത്തിയപ്പോള്‍ ആനയുടെ പൊടി പോലുമില്ല!

മിസോറാമില്‍ ചരിഞ്ഞ ആനയെ മുറിച്ച് ഭക്ഷണമാക്കി നാട്ടുകാര്‍. അസമില്‍ നിന്ന് കൊണ്ടുവന്ന ആന മിസോറാമിലെ ക്വസ്താ വനമേഖലയില്‍ വെച്ച് ചരിയുകയായിരുന്നു.

അസമിലെ കാച്ചാര്‍ സ്വദേശിയായ മുസ്തഫ അഹമ്മദ് ലസ്‌കര്‍ എന്നയാളുടേതാണ് ചരിഞ്ഞ ആന. നാല്‍പ്പത്തിയേഴ് വയസ്സുള്ള ആനയാണ് ചരിഞ്ഞത്.
എന്നാല്‍ ഇയാള്‍ക്ക് ആനയുടെ മേലുള്ള ഉടമസ്ഥാവകാശം 2014-ല്‍ അവസാനിച്ചതാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിവിധ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്തതായിരുന്നു ഈ ആനയെ.

ആന ചരിഞ്ഞതോടെ നാട്ടുകാര്‍ ഒന്നിച്ച് കൂടി ആനയെ വെട്ടിമുറിച്ച് കഷണങ്ങളാക്കുകയായിരുന്നു. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ ആനയെ ഇറച്ചിയാക്കിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൃദയാഘാതം നിമിത്തമാണ് ആന ചരിഞ്ഞതെന്നാണ് നിരീക്ഷണം. എന്നാല്‍ അമിതമായി ജോലി എടുപ്പിച്ചതാണ് ആന ചരിയാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.