ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്; തമിഴ്‌നാട്ടില്‍ റെഡ് അലര്‍ട്ട്, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു. പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരത്തെത്തും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. തമിഴ്‌നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്‌നാട്-ആന്ധ്ര തീരത്ത് മഴ തുടരും.

പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കം 13 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി റവന്യൂ മന്ത്രി അറിയിച്ചു.

വിവിധ ജില്ലകളിലായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. വേദാരണ്യത്ത് 9000 ഏക്കര്‍ ഉപ്പുപ്പാടം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കടലൂര്‍ ജില്ലയില്‍ 929 ഗര്‍ഭിണികളെ സുരക്ഷിത കേന്ദങ്ങളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈയില്‍ നിന്നുള്ള 54 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

Read more

അതേസമയം, ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ മരണം 123 ആയി. 51 പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും സേനകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇന്ത്യന്‍ നാവിക സേനയും രക്ഷാപ്രവര്‍ത്തന് എത്തിയിട്ടുണ്ട്. കൊളംബോ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഹെല്‍പ് ഡെസ്‌ക് തുറന്നിട്ടുണ്ട്.