ബിഹാറില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം; നിതീഷ് രാജിവെയ്ക്കും, ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പിന്തുണ

ബിഹാറില്‍ നിര്‍ണാക രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കും. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിയാണ് രാജി.

ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. മഹാരാഷ്ട്രയിലെ മാതൃകയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചേക്കും. എംഎല്‍എമാരുടെ യോഗം ഉച്ചകഴിഞ്ഞ് ചേരും

അതേസമയം നിതീഷ് സര്‍ക്കാരില്‍ നിന്നും ബിജെപിയുടെ 16 മന്ത്രിമാരും രാജിവെക്കാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്. പക്ഷേ രാജി പ്രഖ്യാപിക്കാനുള്ള തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് തടഞ്ഞു. നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ അറിഞ്ഞതിന് ശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റാണ് ആര്‍ജെഡിക്കുള്ളത്. 16 സീറ്റുള്ള പ്രതിപക്ഷ നിരക്ക് ജെഡിയുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാം. അങ്ങനെ സംഭവിച്ചാല്‍ എന്‍ഡിഎ 82 സീറ്റിലേക്കൊതുങ്ങും.