ഉദ്ധവിന് നിര്‍ണായകം; മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്

 

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ഭഗത്സിംഗ് കോഷ്യാരി. 11 മണിക്ക് സഭചേര്‍ന്ന് 5 മണിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ച ഗവര്‍ണര്‍ സഭാനടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനില്‍ എത്തിയത്. 8 സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഫട്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

സഭയില്‍ അവിശ്വാസത്തെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്ദവ് പക്ഷം ഇപ്പോഴുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎഎല്‍എമാരുമായി ഇപ്പോഴും ചര്‍ച്ച നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍ അവിശ്വാസമല്ല ഉദ്ദവ് സ്വയം രാജി വച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാമ്പും ഇന്ന് ആവശ്യപ്പെട്ടു.

 

അതേസമയം, ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന് മുംബൈയില്‍ നടക്കും. എംഎല്‍എമാരോടെല്ലാം മുംബൈയിലേക്കെത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിസഭായോഗവും ഉണ്ട്.