യുപിയില്‍ ബിജെപി വിട്ട് എത്തിയ നേതാക്കളെ സ്വീകരിക്കാന്‍ ആള്‍ക്കൂട്ടം; 2500 പേര്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് വന്ന മന്ത്രിമാരെയും എം.എല്‍.എമാരെയും സ്വീകരിക്കാന്‍ സമാജ്വാദി പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത 2500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ബി.ജെ.പി വിട്ടുവന്ന മുന്‍ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സൈനി എന്നിവരെയും എം.എല്‍.എമാരെയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത നിരവധി ആളുകള്‍ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ചടങ്ങിന്റെ വിഡിയോ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

കോവിഡിന്റെയും ഒമൈക്രോണിന്റെയും വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനുവരി 15 വരെ യുപിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൊതുറാലികള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍ എന്നിവ വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് പാര്‍ട്ടി ഓഫീസില്‍ ആയിരകണക്കിന് ആളുകള്‍ ഒത്തു കൂടിയത്. നിരോധനാജ്ഞയും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവും ലംഘിച്ചതിനാണ് 2,500 പേര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് സമാജ് വാദി പാര്‍ട്ടി ചടങ്ങ് സംഘടിപ്പിച്ചതെന്ന് ലഖ്‌നോ ജില്ല മജിസ്‌ട്രേറ്റ് പറഞ്ഞു.

അതേ സമയം പാര്‍ട്ടി ഓഫിസിനുള്ളില്‍ വെര്‍ച്വല്‍ ഇവന്റ് ആയാണ് പരിപാടി നടത്തിയത്. പങ്കെടുക്കാന്‍ ആരെയും ക്ഷണിച്ചിരുന്നില്ല. എല്ലാവരും സ്വന്തം ഇഷ്ട പ്രകാരം എത്തിയതാണ് എന്നും സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് ഉത്തം പട്ടേല്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ നടത്തുന്ന ചടങ്ങുകളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടാകാറുള്ളത്. അതൊന്നും പൊലീസ് കേസാക്കുന്നി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.