പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിം​ഗ് രാജിവച്ചു; കോൺ​ഗ്രസിൽ അപമാനിക്കപ്പെട്ടു, ആരെവേണമെങ്കിലും മുഖ്യമന്ത്രിയാക്കാമെന്നും മറുപടി

പഞ്ചാബ് കോൺ​ഗ്രസിലെ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിം​ഗ് രാജിവച്ചു. എം.എൽ.എമാരുടെ പിന്തുണ നഷ്ടമാകുമെന്ന് ഉറപ്പായതോടെ അമരീന്ദർ സിം​ഗ് ​ഗവര്‍ണറെ കണ്ട് അദ്ദേഹം രാജി സമര്‍പ്പിച്ചു.

കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടെന്നും സര്‍ക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യംചെയ്യുന്ന സ്ഥിതിയുണ്ടായെന്നും രാജിവച്ച ശേഷം ക്യാപ്റ്റന്‍ അമരീന്ദര്‍ സിം ​ഗ് പറഞ്ഞു.

മൂന്നുതവണ എംഎല്‍എമാരുടെ യോഗം വിളിച്ചത് തന്നോടുള്ള അവഹേളനം. ഭാവി രാഷ്ട്രീയത്തിലുള്ള അവസരങ്ങള്‍ വിനിയോഗിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിന് ആരെ വേണമെങ്കിലും മുഖ്യമന്ത്രിയാക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു മുൻപാണ് അമരിന്ദറിന്റെ നാടകീയ നീക്കം. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.

അമരീന്ദർ സിങ്ങും പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള തർക്കമാണ് രാജിയിലേക്ക് എത്തിയത് എന്നാണ് വിവരം.

Read more

ആകെയുള്ള 80 കോൺഗ്രസ് എംഎൽഎമാരിൽ 40 പേർ സിദ്ധുവിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിനിൽക്കെയാണ് മുഖ്യമന്ത്രി രാജിവെച്ചത്.