യോഗി ആദിത്യനാഥുള്‍പ്പെടെയുള്ളവര്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്നു; ഹോളി ആഘോഷം സമാധാനപരമാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സിപിഎം പിബി

ഹോളി ആഘോഷം സമാധാനപരമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ. ഹോളി വെള്ളിയാഴ്ച വരുന്നതിനാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.

റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച ഹോളി ആഘോഷിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകളിറക്കിയത് അപലപനീയമാണ്.

ക്രമസമാധാനം ഉറപ്പാക്കുന്നതിന് പകരം, യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഈ വിഷയത്തില്‍ മുസ്ലീങ്ങളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. മുസ്ലീം സമുദായത്തെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ് ഇത്തരം പരാമര്‍ശങ്ങള്‍ സിപിഎം കുറ്റപ്പെടുത്തി.

അതേസമയം, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയ വിഷയത്തില്‍ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കണമെന്നും പിബി ആവശ്യപ്പെട്ടു. 2026 നുശേഷം നടത്തുന്ന സെന്‍സസിന് ശേഷമാണ് പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ നടക്കേണ്ടത്.

ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണ്ണയം നടത്തിയാല്‍, പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ കുറവുണ്ടാകും. അത്തരമൊരു കുറവ് രാഷ്ട്രീയമായും ജനാധിപത്യപരമായും അന്യായവും ഫെഡറല്‍ തത്വത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.

Read more

അതിര്‍ത്തി നിര്‍ണ്ണയ വിഷയത്തില്‍ സമവായത്തിലെത്തണം. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ ആനുപാതിക വിഹിതത്തില്‍ കുറവ് സംഭവിക്കരുതെന്നും പിബി ആവശ്യപ്പെട്ടു.