ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ സി.പി.ഐ.എം

ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തില്‍ സിപിഐഎം. ദേശീയ പ്രധാന്യമുള്ള വിഷയങ്ങളില്‍ ഇടത് പാര്‍ട്ടികളും മറ്റ് മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് സമരം സംഘടിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനം.

അതേസമയം ജമ്മു കാശ്മീരില്‍ അടിയന്തിരമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു. ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. ഇത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി വിമര്‍ശനം.

ഗുസ്തി താരങ്ങളുടെ സമരവും മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നിര്‍ണായക വെളിപ്പെടുത്തലും പ്രധാന വിഷയങ്ങളായിരിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്തി ഫെഡറേഷന്‍ ദേശീയ പ്രസിഡന്റും ലോകസഭാ എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടിയെടുക്കണമെന്നും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതിലഭിക്കണമെന്ന ആവശ്യത്തില്‍ സിപിഐഎം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.