മൂന്നാമൂഴമെന്ന മോദിയുടെ അവകാശവാദം പരാജയം മണക്കുന്നയാളുടെ ജല്‍പനം; രാജ്യത്ത് മാറ്റം വരുത്തുന്നത് എല്‍ഡിഎഫ് എംപിമാരായിരിക്കുമെന്ന് ബിനോയ് വിശ്വം

മൂന്നാമൂഴമെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പരാജയം മണക്കുന്ന ഒരാളുടെ ജല്പനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോഡിക്കും ബിജെപിക്കും മൂന്നാമൂഴം ഒരു കാരണവശാലും നല്‍കില്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. ആ വിധിയെഴുത്തില്‍ സവിശേഷമായ ഒരു പങ്ക് കേരളത്തില്‍ നിന്നുണ്ടാകും. മുഴുവന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളും വന്‍ വിജയം നേടും.

ഇടതുപക്ഷ എംപിമാരായിരിക്കും ലോക്സഭയില്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കാന്‍ പോകുന്ന ഘടകം. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ പോകുന്നത് എല്‍ഡിഎഫ് എംപിമാരായിരിക്കും. ഇവിടെ നിന്ന് വിജയിച്ച് പോയാല്‍ ആര്‍ക്കുവേണ്ടി കൈപൊക്കുമെന്ന ചോദ്യത്തിലൂടെ ഇടതുപക്ഷത്തിന്റെ ഉത്തരം മുട്ടിച്ചുവെന്നാണ് ചിലര്‍ ധരിക്കുന്നത്. ആര്‍എസ്എസ്-ബിജെപി സംഘത്തെ ചെറുക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫ് പ്രതിനിധികള്‍ പോകുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൂക്ക് പാര്‍ലമെന്റ് ഉണ്ടായാല്‍ അദാനിമാര്‍ ചാക്ക് നിറയെ പണവുമായി എംപിമാരെ സമീപിക്കും. കോടിക്കണക്കിന് പണം നല്‍കുന്ന പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയുന്ന എത്ര പേരുണ്ട് ഇന്ന് കോണ്‍ഗ്രസില്‍? ഇഡിയും ഐടിയും റവന്യു ഇന്റലിജന്‍സും വാതിലില്‍ മുട്ടുമ്പോള്‍ മുട്ട് കൂട്ടിയിടിക്കാതെ ആ രാത്രിയെ മറികടക്കാന്‍ സാധിക്കുന്നവരും ആ പാര്‍ട്ടിയിലില്ല. ഗാന്ധിജിയുടെ പാര്‍ട്ടിയില്‍ നിന്ന് ഗോഡ്‌സെയുടെ പാര്‍ട്ടിയിലേക്ക് പോകാന്‍ ഒരു മടിയുമില്ലാതായി. രാവിലെ 10.30ന് കോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുത്ത നേതാക്കളും എംഎല്‍എമാരും 11 മണിക്ക് ബിജെപിയാകുന്നു. കോണ്‍ഗ്രസിന്റെ ഗതികെട്ട അവസ്ഥയില്‍ സന്തോഷിക്കുന്നില്ലെങ്കിലും യാഥാര്‍ത്ഥ്യം അതാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ബാബ്‌റി മസ്ജിദ് മുസ്ലിങ്ങള്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതായിരുന്നുവെന്നും, ഇസ്രയേലും ഹമാസും തുല്യരാണെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റേതാണോ എന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്നും, തോന്നിയാല്‍ താന്‍ ബിജെപിയില്‍ പോകുമെന്നും പറഞ്ഞയാളാണ് കണ്ണൂരിലെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വലിയ ദൂരമില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നതെന്നും അദേഹം പറഞ്ഞു.