അദാനിയുടെ തട്ടിപ്പ് സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ആഞ്ഞടിച്ച് സീതാറം യെച്ചൂരി

അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉന്നതസമിതി അനേഷിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ് അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസര്‍ക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും യെച്ചൂരി പറഞ്ഞു.

സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ തോതില്‍ അദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപിച്ചത്. ഓഹരി വില കൃത്രിമമായി പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണ് അദാനി ഗ്രൂപ്പ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ അറിവോടും സമ്മതത്തോടുംകൂടിയാണ് ഇത് നടക്കുന്നത്.

Read more

എല്‍ഐസിക്ക് 73000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വിവിധ അദാനി ഗ്രൂപ്പിലുള്ളത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം നാലുലക്ഷം കോടിയിലധികം ഇടിഞ്ഞതുമൂലം എല്‍ഐസിക്ക് നഷ്ടമായത് 16000ത്തിലധികം കോടി രൂപയാണ്. എല്‍ഐസിയില്‍ നിക്ഷേപം നടത്തിയ കോടിക്കണക്കിന് സാധാരണക്കാരുടെ പണമാണിത്. ഇത്തരം നിക്ഷേപങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഭാവി സുരക്ഷിതമാക്കണം. എസ്ബിഐക്കും മറ്റ് ബാങ്കുകള്‍ക്കും വന്‍ തോതില്‍ അദാനി ഗ്രൂപ്പില്‍ ഓഹരി വിഹിതം ഉണ്ട്. ഇതും സാധാരണക്കാരുടെ നിക്ഷേപത്തിന്റെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു.