24 മണിക്കൂറിനിടെ 18,522 പേര്‍ക്ക് രോഗബാധ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,66,840 ആയി; മരണം 16,893

Medical personnel wait for the next patient to pull into the bay to be tested for the coronavirus during a drive through testing facility at the La Plata County fairgrounds Friday afternoon. [Chris Neal/Shooter Imaging]

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,522 പേര്‍ക്ക്. 418 പേര്‍ ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 5,66,840 ആയി.

രാജ്യത്ത് ഇപ്പോള്‍ 2,15,125 പേരാണ് കോവിഡ് പിടിപെട്ട് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 3,34,822 പേര്‍ രോഗമുക്തി നേടി. 16,893 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്.

മഹാരാഷ്ട്രയാണ് കോവിഡ് വ്യാപനത്തില്‍ മുന്നില്‍. ഇവിടെ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 5,257 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി.

മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 7,610 ആയി. നിലവില്‍ മഹാരാഷ്ട്രയിലെ കോവിഡ് മരണനിരക്ക് 4.48 ശതമാനമാണ്. 73,298 പേരാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 88,960 പേര്‍ ഇതുവരെ രോഗമുക്തരായി.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലായ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈറസ് ബാധയില്‍ രണ്ടാമതുള്ള തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.