ഭാരത് ബയോടെക്കിന്റെ കോവാക്സിന് മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് അനുമതി

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിനായ കോവാക്സിന് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചു.

പരീക്ഷണ ഘട്ടത്തിലുള്ള തങ്ങളുടെ കോവിഡ് -19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി തേടി ഹൈദരാബാദ് ആസ്ഥാനമായുള്ള മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക് ഒക്ടോബർ 2ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു.

18 വയസിന് മുകളിലുള്ള 28,500 ആളുകളിൽ വാക്സിൻ പരീക്ഷണം നടത്തുമെന്നും ഡൽഹി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 19 സൈറ്റുകളിലായി പഠനം നടത്തുമെന്നും കമ്പനി അപേക്ഷയിൽ പറയുന്നു.

ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ.

ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിന്റെ നിർമ്മാണത്തിനായി ആസ്ട്രാസെനെക്കയുമായി പങ്കാളിത്തമുള്ള പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അതിന്റെ ഇന്ത്യയിലെ വാക്സിനായി മനുഷ്യരിൽ നടത്തുന്ന രണ്ടും, മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.