'രാമക്ഷേത്ര പ്രതിഷ്ഠ ദിനം കോടതികൾക്ക് അവധി നൽകണം'; ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നൽകണമെന്നാണ് ആവശ്യം.

രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അവധി നൽകിയാൽ രാജ്യത്തെങ്ങുമുള്ള ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കുമെല്ലാം പ്രതിഷ്ഠ ചടങ്ങിലും അതോടനുബന്ധിച്ചുള്ള പരിപാടികളിലും പ​ങ്കെടുക്കാനും നിരീക്ഷിക്കാനുമാവും. അടിയന്തരമായി പരി​ഗണിക്കേണ്ട കേസുകൾക്ക് പ്രത്യേക സംവിധാനമൊരുക്കുകയോ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റുകയോ ചെയ്യാമെന്നും ബാർ കൗൺസിൽ ചെയർമാനും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്രയുടെ നേതൃത്വത്തിൽ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിൽ രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7000ത്തിലധികം പേരാണ് പ​​​​ങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന ചടങ്ങിന് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എത്തും.

അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായ സുപ്രധാന പൂജകൾക്ക് ഇന്ന് തുടങ്ങും. ഗണേശ പുജയോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിന്റെ വാസ്തപൂജയും അംബികാ, വരുണ, മാത്രിക പൂജകളും ഇന്ന് നടക്കും. രാം ലല്ല എത്തിച്ച സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ സുരക്ഷ സിആർപിഎഫ് കൂടുതൽ ശക്തമാക്കി.