വിക്കിപീഡിയ ഇന്ത്യയിൽ നിന്ന് പുറത്തായേക്കും! പണികിട്ടിയത് എഎന്‍ഐയുടെ മാനനഷ്ടക്കേസില്‍; വിലക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഡൽഹി ഹൈക്കോടതി

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നല്‍കിയ മാനനഷ്ടക്കേസില്‍ വിക്കിപീഡിയക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. തങ്ങള്‍ക്കെതിരെ നൽകിയ അപകീര്‍ത്തികരമായ വിവരങ്ങള്‍ നീക്കണമെന്ന കോടതി ഉത്തരവ് വിക്കിപീഡിയ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എഎന്‍ഐ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിക്കിപീഡിയയുടെ ധിക്കാരത്തെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി വിക്കിപീഡിയയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി.

‘ഞങ്ങള്‍ നിങ്ങളുടെ ബിസിനസ് നിര്‍ത്തലാക്കും. നിങ്ങളെ വിലക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടും നിങ്ങള്‍ക്ക് ഇന്ത്യയോട് പ്രതിബദ്ധതയില്ലെങ്കില്‍ നിങ്ങള്‍ ദയവു ചെയ്ത് ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തരുത്’- കോടതി വ്യക്തമാക്കി. കേസില്‍ വിക്കിപീഡിയ പ്രതിനിധിയോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് ഒക്‌ടോബര്‍ 25ന് വീണ്ടും പരിഗണിക്കും.

Read more

നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉപകരണമായി പ്രവര്‍ത്തിച്ചതിനും വ്യാജ വാര്‍ത്ത നല്‍കിയതിനും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ് വിക്കിപീഡിയയില്‍ പരാമര്‍ശിച്ചത്. ഇതിനെതിരേയാണ് എഎന്‍ഐ കേസ്‌ നൽകിയത്. എഎന്‍ഐയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന വിശദീകരണമാണ് വിക്കിപീഡിയ നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. വിക്കിപീഡിയ നല്‍കിയ ഉള്ളടക്കം അപകീര്‍ത്തികരമാണെന്ന് എഎന്‍ഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധന്ത് കുമാര്‍ കോടതിയില്‍ പറഞ്ഞു.