ജയിലിലെ സുഖസൗകര്യങ്ങൾക്കായി കൈക്കൂലി നൽകി, ജയലളിതയുടെ തോഴി ശശികലയ്ക്ക് അറസ്റ്റ് വാറണ്ട്

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (AIADMK ) മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന വികെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയവേ സുഖസൗകര്യങ്ങൾക്കായി കൈക്കൂലി നൽകിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്.

കേസിൽ തുടർച്ചയായി നോട്ടീസ് നൽകിയിട്ടും ശശികലയും ഇളവരസിയും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ മുന്തിയ സൗകര്യങ്ങളിലാണ് ശശികലയും ഇളവരസിയും കഴിഞ്ഞിരുന്നത് എന്നതിന് ദൃശ്യങ്ങൾ സഹിതം തെളിവ് പുറത്ത് വന്നിരുന്നു.

2019 ലെ ഒരംഗ സമിതിയുടെ 22 പേജുള്ള റിപ്പോർട്ട് പ്രകാരം, ശശികലയ്ക്കും ഇളവരസിക്കും ജയിലിനുള്ളിൽ എവിടെയും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പരിധിയില്ലാതെ സന്ദർശകരെ കാണുവാനും ആഡംബര ജീവിതം നയിക്കുവാനുമുള്ള അവസരം ഇവർക്ക് ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ശശികലയും ഇളവരസിയും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജാമ്യം നേടിയിരുന്നു. ചികിത്സാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ ജയിലിൽ കഴിയവേ സുഖസൗകര്യങ്ങൾക്കായി കൈക്കൂലി നൽകിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്.