'ദാരിദ്ര്യത്തിന്റെ അളവുകോൽ വരുമാനം മാത്രമല്ല'; ദാരിദ്ര്യ നിരക്ക് കണക്കാക്കാൻ പുതിയ മാനദണ്ഡങ്ങളുമായി ദേശീയ സർവെ

രാജ്യത്തെ ദാരിദ്ര്യ നിരക്ക് കണക്കാക്കുന്നതിന് വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി രാജ്യവ്യാപകമായി പുതിയ സർവേക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ദാരിദ്ര്യത്തെ കണക്കാക്കുന്നതിന് പകരം പോഷകാഹാരം, കുടിവെള്ളം, പാർപ്പിടം, പാചക ഇന്ധനം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓരോ കുടുംബത്തിനും ലഭ്യമാകുന്നുണ്ടോ എന്ന് കണ്ടെത്തുന്ന രീതിയാണ് സർവേയിൽ ഉപയോഗിക്കുക. ദാരിദ്ര്യരേഖ എന്ന ആശയം ഉപേക്ഷിച്ച് വർഷങ്ങൾക്കുശേഷം ദാരിദ്ര്യത്തിന്റെ നിലവാരം കണക്കാക്കുന്നതിൽ ഈ പ്രക്രിയ ഇന്ത്യയെ സഹായിക്കും. സാമൂഹ്യമേഖലയിലെ പദ്ധതികൾക്ക് മുൻഗണന നൽകാൻ ദരിദ്രരുടെ എണ്ണവും ദാരിദ്ര്യ നിലവാരവും ഏതൊരു സർക്കാരിനും നിർണ്ണായകമാണ് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ടെണ്ടുൽക്കർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുണ്ടായിരുന്ന അവസാന എസ്റ്റിമേറ്റിനേക്കാൾ 100 ദശലക്ഷം ദരിദ്രരെ കണക്കാക്കിയിരുന്നതിനാൽ ദാരിദ്ര്യത്തെക്കുറിച്ചുള്ള സി രംഗരാജൻ കമ്മിറ്റി റിപ്പോർട്ട് 2014 ൽ എൻ‌ഡി‌എ സർക്കാർ തള്ളിയിരുന്നു.

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആയിരിക്കും (MoSPI) സർവേക്കായി ഫീൽഡ് വർക്ക് നടത്തുക, അതേസമയം നീതി ആയോഗ് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രകടനം നിരീക്ഷിക്കും.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ റാങ്കുചെയ്യുന്ന യു‌എൻ‌ഡി‌പിയുടെ മൾട്ടി-ഡൈമൻഷണൽ ദാരിദ്ര്യ സൂചികയിലേക്ക് (എം‌പി‌ഐ) സർവേ ഫലങ്ങൾ ഉൾക്കൊള്ളിക്കും.

ദാരിദ്ര്യം വിലയിരുത്തുന്നതിനുള്ള രീതിശാസ്ത്രത്തിന് അന്തിമരൂപം നൽകുന്നതിനായി അടുത്തിടെ നീതി ആയോഗ് ഉദ്യോഗസ്ഥരും സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ഉദ്യോഗസ്ഥരും തമ്മിൽ ഒരു യോഗം നടന്നിരുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. സർവേയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്ക് ചെയ്യുന്ന ദാരിദ്ര്യ സൂചിക നിതീ ആയോഗ് വികസിപ്പിക്കും. കൂടുതൽ ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സംസ്ഥാനങ്ങളെ ആരോഗ്യപരമായ മത്സരത്തിന് പ്രാപ്തരാക്കുക എന്നതാണ് ആശയം, ഇത് ഇന്ത്യയുടെ യുഎൻ ദാരിദ്ര്യ സൂചിക റാങ്ക് മെച്ചപ്പെടുത്തും.

ആഗോള മാനദണ്ഡമനുസരിച്ച്, മൾട്ടി ഡൈമെൻഷണൽ (വിവിധ മാനങ്ങളിൽ ഉള്ള) ദാരിദ്ര്യം എന്നതിനെ നിർവചിച്ചിരിക്കുന്നത് കേവലം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അല്ല, മറിച്ച് അനാരോഗ്യം, ജോലിയുടെ ഗുണനിലവാരം, അക്രമ ഭീഷണി നേരിടുന്നുണ്ടോ തുടങ്ങിയ സൂചകങ്ങളിലൂടെയാണ്. യു‌എൻ‌ഡി‌പി മൾട്ടി-ഡൈമെൻഷണൽ ദാരിദ്ര്യ സൂചിക (എം‌പി‌ഐ) മൂന്ന് മാനങ്ങളിലും 10 സൂചകങ്ങളിലുമായാണ് ദാരിദ്യ്രത്തെ കണക്കാക്കുന്നത്, ആരോഗ്യം (ശിശുമരണ നിരക്ക്, പോഷകാഹാരം), വിദ്യാഭ്യാസം (സ്കൂൾ വിദ്യാഭ്യാസം, പ്രവേശനം), ജീവിത നിലവാരം (വെള്ളം, ശുചിത്വം, വൈദ്യുതി, പാചക ഇന്ധനം, നിലം(പാർപ്പിടം), ആസ്തി ) എന്നിവയാണവ.

Read more

ശുചിത്വം, കുടിവെള്ളം തുടങ്ങിയ ചില സൂചകങ്ങളെ മാറ്റിനിര്‍ത്തിയിട്ടുണ്ടെങ്കിലും, ഇത്തരം സൗകര്യങ്ങൾ എത്ര കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങൾ ആവശ്യമാണ് എന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.