'വിട ചൊല്ലാൻ രാജ്യം'; മൻമോഹൻ സിങിന് എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ, വിലാപ യാത്രയെ അനുഗമിച്ച് ആയിരങ്ങൾ

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് വിട ചൊല്ലാനൊരുങ്ങി രാജ്യം. എഐസിസി ആസ്ഥാനത്ത് നേതാക്കൾ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയായി. വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത്.

സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11നുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. രാവിലെ മൻമോഹൻ സിങിന്‍റെ വസതിയിൽ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് നിഗം ബോധ് ഘട്ടിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സേനാവിഭാഗങ്ങള്‍ സ്ഥലത്തെത്തി സൈനിക ബഹുമതി നൽകുന്നതിന് തയ്യാറായി. മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചവരെ അവധിയായിരിക്കും.