മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തം; ഒളിവിലായിരുന്ന തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ പിടിയിൽ

മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തത്തിൽ തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി രംഗനാഥനെ ചെന്നൈ പൊലീസിൻറെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾ ഓരോ ബാച്ച് മരുന്നും അം​ഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം കർശന നിർദേശം നൽകി. എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും കത്തയച്ചു. മരുന്ന് നിർമ്മിക്കാനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണമെന്നും, ഇക്കാര്യം സംസ്ഥാന ഡ്ര​ഗ് കണ്ട്രോളർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അം​ഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിൻറെ നിർദേശം. സംസ്ഥാനത്തെ ഡ്ര​ഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കത്തിൽ പറയുന്നു.

Read more

അതേസമയം വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച സംഭവത്തിൽ ലോകാരോ​ഗ്യ സംഘടന ഇന്ത്യയോട് വിവരങ്ങൾ തേടി. മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പ് രാജ്യത്തിന് പുറത്തേക്ക് കയറ്റി അയക്കപ്പെട്ടിട്ടുണ്ടോ എന്നതിലടക്കമാണ് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.