നാരങ്ങയുടെ പേരില്‍ അഴിമതി; പഞ്ചാബില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

പഞ്ചാബിലെ ജയിലില്‍ നാരങ്ങയുടെ പേരില്‍ അഴിമതി നടത്തിയതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. കപൂര്‍ത്തല മോഡേണ്‍ ജയില്‍ സൂപ്രണ്ട് ഗുര്‍ണാം ലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തടവുകാരുടെ ഭക്ഷണഫണ്ടില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

നാരങ്ങയക്ക് കിലോയ്ക്ക് 200 രൂപയായിരുന്നപ്പോള്‍ 50 കിലോ നാരങ്ങ വാങ്ങിയതായി വ്യാജ ബില്ലുണ്ടാക്കി ജയില്‍ സൂപ്രണ്ട് പണം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ജയില്‍ റെക്കോര്‍ഡുകളില്‍ നാരങ്ങ വാങ്ങിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന തടവുകാര്‍ ആരോപിച്ചു.

തടവുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചാബ് ജയില്‍മന്ത്രി ഹര്‍ജോത് സിങ അന്വേഷണത്തിന് ഉത്തരവ് നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ജയിലില്‍ നല്‍കുന്നതെന്നും പച്ചക്കറികളിലടക്കം അഴിമതി നടക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ചപ്പാത്തിക്കായി വാങ്ങിയ ഗോതമ്പുപൊടി മറിച്ചു വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ പരിശോധനക്ക് വിധേയമാക്കാന്‍ മന്ത്രി ഉത്തരവിട്ടു.